
കവിയും ഗാനരചയിതാവും യുവകലാസാഹിതി മുന്‍ ജില്ലാ പ്രസിഡണ്ടുമായ ധീരപാലന്‍ ചാളിപ്പാട് ( 74) നിര്യാതനായി. തൃത്തല്ലൂര്‍ യു.പി.സ്കൂളിലെ റിട്ടയേര്‍ഡ് അദ്ധ്യാപകനും കലാ സാഹിത്യ -സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു.
മണപ്പുറത്തെ കാവ്യസദസ്സുകള്‍ക്ക് നഷ്ടമായത് മണ്ണിന്റെ ചൂരും മനുഷ്യന്റെ വികാരവും വാക്കുകളിലൂടെ പ്രതിഫലിപ്പിച്ചിരുന്ന അനുഗ്രഹീതകവിയെ .
അഞ്ചുപതിറ്റാണ്ടോളമായി സാഹിത്യ രംഗത്ത് സജീവമായിരുന്ന ധീരപാലന്‍ ചാളിപ്പാട് അരങ്ങൊഴിഞ്ഞത് മലയാളിത്തമുള്ള ഒരു പാട് കവിതകളും ഗാനങ്ങളും ബാക്കിവെച്ചാണ് . ആകാശവാണിയിലെ ലളിത സംഗീത പാഠത്തിലൂടെ ഒരു പാട് പേര്‍ ധീരപാലന്‍ മാഷുടെ പാട്ടുകള്‍ മന:പാഠമാക്കിയിട്ടുണ്ട്.
വാടാനപ്പള്ളി , തൃപ്രയാര്‍ , തൃത്തല്ലൂര്‍ എന്നിവടങ്ങളില്‍ ഒരുക്കുന്ന സാഹിത്യസദസ്സുകളുടെ പതിവ് സംഘാടകനും മണപ്പുറത്തെ സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു.
പുരോഗമന കലാസാഹിത്യസംഘം നാട്ടിക മേഖലാ മുന്‍പ്രസിഡണ്ടും വാടാനപ്പള്ളി യൂത്ത് ലീഗ് ലൈബ്രറിയുടെ സ്ഥാപകാംഗവുമായിരുന്നു.
തൃത്തലൂര്‍ ശ്രീശൈലം ചരിറ്റബിള്‍ സൊസൈറ്റി , എ.വി.രാമനാഥന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ,കുടുംബസദസ്സ് എന്നിവയുടെ ചെയര്‍മാനാണ് . ചാവക്കാട് താലൂക്ക് ലൈബ്രറി യൂണിയനിലും അദ്ധ്യാപക യൂണിയനിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ആശ്രയ അവാര്‍ഡ് ലഭിച്ചു.
വന്ധ്യമോഹം , ഏകാകിയുടെ ഗീതം , പൂത്തുമ്പികള്‍ , കളിപ്പാവ , മുത്തശ്ശിയുടെ മാല എന്നിവയാണ് കൃതികള്‍ .
അസുഖത്തെ തുടര്‍ന്ന് തൃശൂരിലും കൊച്ചിയിലും ചികിത്സയിലായിരുന്ന ധീരപാലന്മാസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത് .
അസുഖം കൂടുതലായതിനെ തുടന്ന് ഇന്നലെ പുലര്‍ച്ചെ ചേറ്റുവയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ മരിച്ചു.
ഇന്നു രാവിലെ സംസ്കാരച്ചടങ്ങുകള്‍ക്ക് ശേഷം തൃത്തല്ലൂര്‍ ശ്രീശൈലം ഹോളില്‍ 11ന് അനുശോചന യോഗം ചേരും .
മരണ വിവരം അറിഞ്ഞ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
കേരള സാഹിത്യ അക്കാദമിക്കുവേണ്ടി കവി രാവുണ്ണി പുഷ്പചക്രം അര്‍പ്പിച്ചു.സംവിധായകന്‍ പി.ടി . കുഞ്ഞിമുഹമ്മദ് , യുവകലാസാഹിതി സംസ്ഥാനാ പ്രസിഡണ്ട് ഇ.എം സദീശന്‍ , ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.വി.പീതാംബരന്‍ ,ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പ്രൊഫസര്‍ ടി.ആര്‍. ഹാരി , കലാ മണ്ഡലം മുന്‍സെക്രട്ടറി ബാലചന്ദ്രന്‍ വടക്കേടത്ത് . ടി.ആര്‍ ചന്ദ്രദത്ത് എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
(Maroram News)